ദൃശ്യചാരുത മിഴിതുറന്ന പുഷ്‌പ്പോത്സവത്തിന് തിരശ്ശീല വീണു
ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ 6 വര്‍ഷമായി നഗരസഭ നടത്തുന്ന ഗുരുവായൂര്‍ പുഷ്‌പ്പോത്സവത്തിനും, നിശാഗന്ധി സര്‍ഗ്ഗോത്സവത്തിനും പ്രൗഢഗംഭീരമായ ഉത്സവതിമര്‍പ്പോടെ സമാപനം. ഗുരുവായൂരിലെ സാംസ്‌ക്കാരിക രംഗത്ത് നഗരസഭ നടത്തുന്ന പുഷ്‌പ്പോത്സവം ജനമനസ്സുകള്‍ ഏറ്റുവാങ്ങിയതിന്റെ ചിത്രം തന്നെയാണ് ഇക്കുറിയും പതിനായിരങ്ങള്‍ പുഷ്‌പ്പോത്സവ വേദിയില്‍ എത്തിയതില്‍ നിന്ന് മനസ്സിലാവുന്നത്. പത്തുനാള്‍ നീണ്ടു നിന്ന നിശാഗന്ധി സര്‍ഗ്ഗോത്സവ വേദി കേരളത്തിലെ വ്യത്യസ്തമായ കലകളുടെ ദൃശ്യാനുഭവമായി മാറി. അത്തരത്തില്‍ നഗരസഭയുടെ സാംസ്‌ക്കാരിക രംഗത്തെ ശക്തമായ ഇടപെടലായി ഗുരുവായൂര്‍ പുഷ്‌പ്പോത്സവം നിറഞ്ഞുനില്ക്കുന്നു. പുഷ്‌പ്പോത്സവം 2016 ന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു: തൃശ്ശൂര്‍ എം.പി ശ്രീ സി എന്‍ ജയദേവനും നിശാഗന്ധി സര്‍ഗ്ഗോത്സവ ഉദ്ഘാടനം ഗുരുവായൂര്‍ എം.എ.ല്‍എ ശ്രീ കെ വി അബ്ദുള്‍ഖാദറും നിര്‍വ്വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി കെ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാര്‍ , ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍, തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കാളികളായി. അരങ്ങ് ഉണര്‍ന്ന നിശാഗന്ധി സര്‍ഗ്ഗോത്സവ വേദിയില്‍ പത്തുദിവസവും കേരളത്തിലെ പ്രശസ്ത കലകളുടെ ദൃശ്യവിസ്മയ അനുഭവമായി മാറി. ഗസല്‍മഴ പെയ്തിറങ്ങിയ ഷഹബാസിന്റെ ഗസല്‍സന്ധ്യയും, ജയരാജ് വാര്യര്‍ ഷോ, ഉഗ്രം ഉജ്ജ്വലം, നാടന്‍പാട്ടുകള്‍, മ്യൂസിക്ക് ബാന്റ്, പട്ടുറുമാല്‍ എന്നിവ ചിലതുമാത്രമാണ്.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment