മാലിന്യകൂമ്പാരമായ നഗരത്തെ വൃത്തിയാക്കിയെടുത്ത് ഗുരുവായൂര്‍ നഗരസഭ
തെരുവായ തെരുവൊക്കെ കരിമ്പും, പൊരിയും, വഴിവാണിഭക്കാരും, കൈനോട്ടക്കാരും, കാര്‍ണിവലും തമ്പടിക്കുന്ന ഏകാദശിക്കാലം. വൈകുന്നേരം മുതല്‍ ജനം ഒഴുകുകയായിരുന്നു. ഇന്നലെ ഗുരുവായൂര്‍ നഗരം ഒരു മിഴിപ്പോലും കണ്ണടച്ചിട്ടുണ്ടാവില്ല. കനത്ത ഇരുട്ടും, പെയ്തിറങ്ങുന്ന മഞ്ഞും കലര്‍ന്ന് തെരുവുവിളക്കിന്റെ വെട്ടത്തെ കരിമ്പടം കൊണ്ട് മൂടുവാനെത്തുന്ന തണുത്ത ഡിസംബറിന്റെ അപൂര്‍വ്വ സുന്ദരചിത്രം. ഏകാദശി കഴിഞ്ഞു. ആളും അരങ്ങും ഒഴിഞ്ഞു. മാലിന്യകൂമ്പാരമായ നഗരത്തെ വൃത്തിയാക്കുവാന്‍ ശുചീകരണതൊഴിലാളികള്‍ ഇറങ്ങി. ഈറനുടത്ത് ദ്വാദശിപണം വെച്ച് തീര്‍ത്ഥാടകര്‍ മടങ്ങുതിന് മുമ്പ് മഞ്ഞു വീണ് തണുത്ത് വിറച്ച പുലര്‍കാലത്തും അവരുടെ നെറ്റിതടങ്ങളില്‍ നിന്നും ഒലിച്ചിറങ്ങുന്നത് മഞ്ഞുകണങ്ങളല്ല. വിയര്‍പ്പ് തുളളികളാണ്. അവര്‍ മണിക്കൂറുകള്‍ക്കുളളില്‍ നഗരത്തെ വൃത്തിയാക്കിയെടുത്തു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment